ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം 57 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ രവി ദാഹിയ ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യക്ക് ഈ ഇനത്തിൽ നിന്ന് ഒരു മെഡൽ ഉറപ്പായി. സെമിഫൈനലിൽ കസാഖ്സ്ഥാന്റെ നൂറിസ്ലാവ് സനായേവിനെ മലർത്തിയടിച്ചാണ് രവികുമാർ ദാഹിയ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഗുസ്തി താരമാകും രവികുമാർ ദാഹിയ. കെ ഡി ജാദവ്, സുശീൽ കുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ നേടിയിട്ടുള്ളത്.
നേരത്തെ വനിതകളുടെ ബോക്സിംഗിൽ ഇന്ത്യൻ താരം ലവ്ലീന വെങ്കലം കരസ്ഥമാക്കി. വനിതകളുടെ വെൽട്ടർ വെയിറ്റ് 64 – 69 കിലോ വിഭാഗത്തിലാണ് ലവ്ലീനയുടെ നേട്ടം. ഒളിമ്പിക്സ് ബോക്സിംഗിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് അസാമിൽ നിന്നുള്ള 23കാരി ലവ്ലീന. വിജേന്ദർ കുമാറും എം സി മേരികോമുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.
