കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ പിടിച്ചെടുത്തു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ. ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും.
അതേസമയം മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിൻ്റെ പരിശോധനയിലാണിതും കണ്ടെത്തിയത്. ഇത് ഒട്ടകത്തിൻ്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും.
ഇതിനിടെ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്. വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മോൻസനെതിരെ ശിൽപ്പി സുരേഷ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ശിൽപ്പങ്ങൾ തിരികെ വേണമെന്നാണ് സുരേഷിന്റെ ആവശ്യം. ഇനി പണം കിട്ടുമെന്ന് കരുതുന്നില്ല. തന്റെ അനുവാദമില്ലാതെ വിശ്വരൂപം ശിൽപ്പത്തിന് പെയിന്റടിച്ചു മാറ്റി. പണത്തിനായി പല പ്രാവശ്യം കൊച്ചിയിലെ വീട്ടിൽ പോയിരുന്നു. അറസ്റ്റിലാകുന്നതിന് അഞ്ചു ദിവസം മുമ്പും വീട്ടിലെത്തി മോൻസനെ കണ്ടു.