പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവ് ശിക്ഷ. പഞ്ചാബിലെ പാട്യാലയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2003 ലെ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധി വന്നതിനെ തുടർന്ന് മെഹന്ദിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
കേസിൽ ഗായകൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിധി വന്നിരിക്കുന്നത്.
വിദേശത്തു കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് ഒരു കോടിയോളം രൂപ കൈവശപ്പെടുത്തിയെന്നായിരുന്നു ആരോപണം. 19 വർഷം മുമ്പുളള കേസിൽ മെഹന്ദിയും സോഹദരൻ ഷംശേർ സിംഗും മറ്റ് രണ്ടുപേരുമായിരുന്നു പ്രതികൾ. ഷംശേർ സിംഗ് 2017 ൽ മരിച്ചു.
ബക്ഷിഷ് സിംഗ് എന്നയാളാണ് പരാതി നൽകിയത്. വിദേശത്തു കൊണ്ടുപോകാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും നൽകിയ പണം തിരിച്ചു ലഭിച്ചില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2003 ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നു തന്നെ മെഹന്ദിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ദിവസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു പുറത്തിറങ്ങി.
സംഗീത ഗ്രൂപ്പിന്റെ ഭാഗമായി വിദേശത്തു കൊണ്ടുപോകാമെന്നും ഇതിനു ശേഷം ഏതെങ്കിലും പാശ്ചാത്യ രാജ്യത്ത് എത്തിപ്പെടാമെന്നുമായിരുന്നു വാഗ്ദാനമെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനായി വൻതുകയും വാങ്ങിയിരുന്നു.
‘കബൂതർബാസി’ എന്ന് വിളിക്കപ്പെടുന്ന ഇമിഗ്രേഷൻ തട്ടിപ്പുമായി ബന്ധമില്ലാത്തതിനാൽ കേസിൽ മെഹന്ദി ആവശ്യമില്ലെന്ന് കാട്ടി പോലീസ് നേരത്തെ രണ്ട് ഹർജികൾ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. പഞ്ചാബിലെ നിരവധി യുവാക്കളാണ് വിദേശത്തേക്ക് എത്താമെന്ന് ധാരണയിൽ ഇത്തരം ചതിയിൽ പെടുന്നത്.
പഞ്ചാബിലെ നിരവധി ഗായകരും കലാകാരന്മാരും ഇത്തരം റാക്കറ്റുകളുടെ ഭാഗമായി നിരവധിയാളുകളെ നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഗീത ഗ്രൂപ്പിന്റെ ഭാഗമാണെന്ന വ്യാജേനയാണ് ആളുകളെ പാശ്ചാത്യരാജ്യങ്ങളിലേക്ക് കടത്തുന്നത്. ഇതിനായി ഇരുപത് ലക്ഷം രൂപ വരെ സംഘങ്ങൾ ഈടാക്കുകയും ചെയ്യുന്നു.
എന്നാൽ, ദലേർ മെഹന്ദിക്ക് ഇമിഗ്രേഷൻ തട്ടിപ്പുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പരാതിക്കാരൻ കോടതിയെ സമീപിച്ചു.