കൊല്ലം: കേന്ദ്രസർക്കാരിന്റെ ലക്ഷ്യ, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിക്ക്. അടുത്തിടെ കേന്ദ്രസർക്കാരിന്റെ കായകല്പ പുരസ്കാരം ലഭിച്ചതിനു തൊട്ടുപിന്നാലെയാണിത്. ഈവർഷംതന്നെ കേന്ദ്രസർക്കാരിന്റെ മൂന്നു പുരസ്കാരങ്ങൾ ലഭിച്ച ആതുരാലയമാണിത്.
ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരം ലഭിച്ചതുവഴി 1.26 കോടി രൂപ ആശുപത്രിക്ക് ലഭിക്കും. ലക്ഷ്യ പുരസ്കാരംവഴി മൂന്നു ഘട്ടങ്ങളിലായി 12 ലക്ഷം രൂപയും ലഭിക്കും. 5065 ഗുണമേന്മാ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ക്വാളിറ്റി അഷ്വറൻസ് പുരസ്കാരം നൽകിയത്.
ലക്ഷ്യ പുരസ്കാരം ലഭിച്ചത് പ്രസവമുറിയുടെയും ശസ്ത്രക്രിയാ തിയേറ്ററിന്റെയും ഗുണമേന്മ, ഗർഭിണികൾക്കു നൽകുന്ന ക്ലിനിക്കൽ സേവനങ്ങൾ തുടങ്ങി 1056 മാനദണ്ഡങ്ങളുടെ പരിശോധനയ്ക്കുശേഷമാണ്. ലക്ഷ്യ പുരസ്കാരം നേടുന്ന ജില്ലയിലെ ആദ്യ ആശുപത്രിയാണിതെന്ന് സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷാ പറഞ്ഞു.
2018-ലും ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് പുരസ്കാരം ലഭിച്ചിരുന്നെന്നും അന്ന് ഈ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ആതുരാലമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡിന്റെ പുരസ്കാരം എട്ടുതവണയും കായകല്പ പുരസ്കാരം മൂന്നുതവണയും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘കേരള അക്രെഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ’ (കാഷ്) അംഗീകാരം ലഭിച്ച ആദ്യ ആശുപത്രിയുമാണിത്.
വേദനരഹിതപ്രസവം, പ്രസവസമയത്ത് ബന്ധുക്കളെ ഒപ്പം നിർത്തുന്ന ‘അരികെ’, ജില്ലാതല അർബുദചികിത്സ, താലൂക്ക്തല ഡയാലിസിസ്, ഓക്സിജൻ ജനറേറ്റർ സംവിധാനം, സൗജന്യ ഉച്ചഭക്ഷണം തുടങ്ങി ധാരാളം പദ്ധതികൾ ആശുപത്രിയിൽ നടപ്പാക്കിയിട്ടുണ്ട്.
ഇതിൽ പലതും പിന്നീട് സംസ്ഥാനത്തെതന്നെ മാതൃകാപദ്ധതികളായി. ആശുപത്രി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹമാകുന്നത് ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിന്റെ തെളിവാണെന്ന് പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി ഏബ്രഹാമും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷായും പറഞ്ഞു.