ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംവരണവുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങളുടെ പ്രതിഷേധം കര്‍ണാടകയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കടുത്ത പ്രതിസന്ധിയിലായി ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി സര്‍ക്കാര്‍.
പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതിനാൽ മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ ഉറപ്പ് നൽകി.
പ്രബലമായ ലിംഗായത്, വൊക്കലിംഗ സമുദായങ്ങളെ ഒരുമിച്ച് ചേർത്ത് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന ബിജെപിക്ക് കനത്ത പ്രഹരമാണ് പട്ടികജാതി സമുദായമായ ബഞ്ചാരകളുടെ പ്രതിഷേധം. സംരവണത്തോത് നിശ്ചയിച്ചുകഴിഞ്ഞാൽ പട്ടികജാതി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭയത്തിലാണിവർ.