തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജിജുകുമാർ പി.ഡി, നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, വനിതാ സർജന്റ് അസിസ്റ്റന്റ് ഷീന എന്നിവർക്കെതിരെ കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 154 പ്രകാരം അവകാശലംഘനപ്രശ്നം ഉന്നയിക്കുന്നതിന് രമേശ് ചെന്നിത്തല എംഎൽ എ സ്പീക്കർക്കു നോട്ടീസ് നല്കി. കഴിഞ്ഞ 15ന് രാവിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി ധർണ നടത്തിയ യു.ഡി.എഫ് എം.എൽ.എമാരെ അഡീഷണൽ ചീഫ് മാർഷലിന്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവുമില്ലാതെ ബലം പ്രയോഗിച്ച് നീക്കി. ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾ കൂടി ഈ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് വളരെ നിർഭാഗ്യകരമാണ്.
ബലപ്രയോഗത്തില്‍ പരിക്കേറ്റതിനെ തുടർന്ന് സനീഷ് കുമാർ ജോസഫ്, കെ കെ രമ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. അംഗങ്ങള്‍ക്ക് പരിക്കുപറ്റി എന്ന് മനസ്സിലായതോടെ അതിനെ കൗണ്ടര്‍ ചെയ്യുന്നതിനായി മൊയ്തീന് ഹുസൈന്, ഷീന എന്നിവര്‍ അംഗങ്ങള്‍ക്കെതിരെ വ്യാജ പരാതി നല്‍കുകയും അതിൻ്റെ അടിസ്ഥാനത്തില്‍ റോജി എം. ജോണ്‍, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 5 അംഗങ്ങള്‍ക്കും എതിരെ ഐപിസി 143, 147, 149, 294 (ബി), 333, 506, 326, 353 എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുകയും ചെയ്തു.
ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്ന തെറ്റായ ആരോപണം ഉന്നയിച്ചതിനാലാണ് അംഗങ്ങള്‍ക്ക് എതിരെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. എന്നാൽ ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്നത് ശരിയല്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മൊയ്തീൻ ഹുസൈനും ഷീനയും തമ്മിൽ നടത്തിയ ഗൂഡാലോചനയുടെ ഫലമായാണ് അംഗങ്ങൾക്കെതിരെ ഇത്തരമൊരു വ്യാജ പരാതി നൽകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.