ഡൽഹി: ഉക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി. 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ചയിൽ ഉക്രൈൻ- റഷ്യൻ ടീമുകൾ തമ്മിലുള്ള ചർച്ചകളുടെ പുരോഗതിയെക്കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് പുടിൻ പ്രധാനമന്ത്രിയ്ക്ക് വാഗ്ദാനം നൽകി.യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് റഷ്യ പറഞ്ഞു. വെടിനിർത്തലിനും സുരക്ഷാ ഇടനാഴിയ്ക്കും റഷ്യൻ പ്രസിഡന്റിന് നരേന്ദ്രമോദി നന്ദി പറഞ്ഞു.വെടിനിർത്തലിന് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു.
പുടിനുമായി ഫോൺ സംഭാഷണം നടത്തുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി സെലൻസ്കിയുമായി ചർച്ച നടത്തിയിരുന്നു. 35 മിനിറ്റോളം നീണ്ടു നിന്ന സംഭാഷണത്തിൽ യുക്രെയ്നിലെ സ്ഥിതിഗതികൾ ഇരു നേതാക്കളും വിലയിരുത്തി. റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ തുടരുന്നതിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ നൽകിയ സഹായത്തിന് സെലൻസ്കിയോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
