കെയ്റോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാന്റ് മുഫ്തി ഷൗഖി ഇബ്രാഹീം അബ്ദുൽ കരീം അല്ലാമുമായി കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കാനും തീവ്രവാദത്തെ പ്രതിരോധിക്കാനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ ഇസ്ലാമിക നിയമ ഗവേഷണത്തിനുള്ള ഉപദേശക സമിതിയായ ദാർ-അൽ-ഇഫ്തയിൽ ഇന്ത്യ ഒരു ഐ.ടി എക്സലൻസ് സെന്റർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ഗ്രാന്റ് മുഫ്തിയെ അറിയിച്ചു.
ഇന്ത്യയിലെയും ഈജിപ്തിലെയും ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും മതസൗഹാർദം പ്രോത്സാഹിപ്പിക്കുകയും തീവ്രവാദം പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന നടപടികളെ ഗ്രാന്റ് മുഫ്തി പ്രശംസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.