ദില്ലി: ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില കുത്തനെ ഉയരും. വേദനസംഹാരികൾ, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ, കാർഡിയാക് മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. 84 അവശ്യ മരുന്നുകളുടെയും ആയിരത്തിലധികം മെഡിസിൻ ഫോർമുലേഷനുകളുടെയും വില ഉയരും.
ഏപ്രിൽ ഒന്ന് മുതൽ വില 12 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരുന്നുകളുടെ വാർഷിക വില വർധനവ് വാർഷിക മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയാണ്. ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കി വില വർധിപ്പിക്കാൻ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് (പിആർഐസി) കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.