സന: വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി സന്ദര്‍ശിച്ചു. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു നിമിഷപ്രിയയുടേയും അമ്മയുടേയും കൂടിക്കാഴ്ച. വൈകാരികമായ നിമിഷങ്ങളായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. യെമന്‍ സമയം ഉച്ചയോടുകൂടിയാണ് സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ പ്രേമകുമാരി കണ്ടത്. മണിക്കൂറുകല്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ജയിലധികൃതര്‍ അവസരമൊരുക്കി.
നിമിഷപ്രിയയ്ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അമ്മയെ അനുവദിച്ചു. വൈകീട്ടുവരെ കൂടിക്കാഴ്ച നീണ്ടു. സനയില്‍ തുടരുന്ന പ്രേമകുമാരി, കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രവിഭാഗത്തിന്റെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നല്കിയാല് മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാവുകയുള്ളൂ.
ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്. എയ്ഡനില്‍നിന്ന് റോഡുമാര്‍ഗം 12 മണിക്കൂര്‍ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇരുവരും സനയിലെത്തി. മൂന്നുമാസത്തെ യെമെന്‍ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയാണ് പ്രേമകുമാരി.