തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാഭ്യാസം മനുഷ്യ ജീവിതത്തിലെ അടിസ്ഥാന ശിലയാണെന്നും സർഗ്ഗാത്മകതയും നവീകരണവും ഈ മേഖലയിൽ അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. നിർബന്ധിത പഠനത്തിന് പകരം കളിയും ചിരിയും ഇഴചേർന്ന വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരൂർ ഗ്രാമപഞ്ചായത്തിലെ പേരൂർ വടശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
‘വർണ്ണക്കൂടാരം’ എന്ന് പേരിട്ടിരിക്കുന്ന പ്രീപ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് 10 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ക്ലാസ് മുറികൾ സജ്ജമാക്കിയത്. കമ്പ്യൂട്ടർ പഠനത്തിനായി ‘ഇ – ഇടവും’, കളിക്കളവും, ഹരിതോദ്യാനവും ഒപ്പം ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ പുതിയ ‘പുറംവാതിൽ കളിയിടം’ (പാർക്ക്) അടൂർ പ്രകാശ് എം പി യും വിശ്രമ മുറി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളിയും ഉദ്ഘാടനം ചെയ്തു.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ പ്രഥമാധ്യാപിക ജുനൈദാ ബീവി, മറ്റ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.