പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്. കുമ്പഴ സ്വദേശി സോഹില്‍ വി. സൈമണ്‍ എന്നയാളുടെ പരാതിയിന്മേൽ ഞായറാഴ്ച പത്തനംതിട്ട പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഏബല്‍ ബാബുവിന്റെ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച അർധരാത്രി 11 മണിക്ക് ശേഷമായിരുന്നു പത്തനംതിട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി എന്നാണ് ലഭ്യമാകുന്ന വിവരം.
പത്തനംതിട്ട ഓര്‍ത്തഡോക്സ് പള്ളിപ്പരിസരത്തായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയന് നീതി നടപ്പാക്കണമെന്നും പോസ്റ്ററിലുണ്ട്. ഓര്‍ത്തഡോക്സ് യുവജനം എന്ന പേരിലാണ് വിവിധയിടങ്ങളില്‍ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധി കൂടിയായ വീണാ ജോര്‍ജ് ഉള്‍പ്പെട്ട സര്‍ക്കാരാണ് സഭാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്ല് കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടുപോകുമ്പോള്‍ സഭയുടെകൂടി പ്രതിനാധിയായിട്ടുള്ള മന്ത്രി, സഭയുടെ താത്പര്യമെന്തെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം.