തൃശൂര്‍: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍ 25നാണ് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ പി പി ബാബുവും സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ ഗിരീഷും പരാതിക്കാരിയുടെ വീട്ടിലേക്ക് പോയി.
പൊലീസിനെ യുവതി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് എന്നും മദ്യപിച്ചെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിനോട് യുവതി പറഞ്ഞു. ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു അയാള്‍.
പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ വാതില്‍ തകര്‍ത്ത് ഭര്‍ത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കില്‍ ഇയാളുടെ ജീവന് നഷ്ടമാകുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.