തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിൽ എത്തിച്ചത്. സെക്രട്ടേറിയറ്റ് മാർച്ചിൽ രാഹുൽ നാലാം പ്രതിയാണ്. രാഹുൽ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സംഭവ സമയം രാഹുൽ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തിന് രാഹുൽ പ്രോത്സാഹനം നൽകി. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും കോടതിയെ അറിയിച്ചു.
സമാധാനപരമായ സമരത്തിനാണെത്തിയതെങ്കിൽ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി ചോദിച്ചു. സമീപത്തെ ഫ്ലക്സിൽ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി.
അടൂരില്‍നിന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്ത് പൊലീസ് രാവിലെ പത്തോടെയാണ് രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചത്. ഫോര്‍ട്ട് ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞു. ഫോഴ്സ് ഉപയോഗിച്ചാല്‍ കുറെ ഉപയോഗിക്കേണ്ടിവരുമെന്നും ഇതുവരെ താന്‍ സഹകരിച്ചുവെന്നും രാഹുല്‍ പലതവണ പറഞ്ഞിട്ടും എസ്ഐ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് കയറ്റി. എസ്ഐയും രാഹുലും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചതോടെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റിയാണ് രാഹുലനെ കോടതിയിലേക്ക് കൊണ്ടുപോയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.