കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ഭാഗത്ത് വീടു നിർമിക്കുന്ന സ്ഥലത്ത് തലയോട്ടിയും എല്ലുകളും ലഭിച്ച സംഭവത്തിന്റെ അന്വേഷണം സ്ഥലത്തേക്കു മണ്ണ് കൊണ്ടുവന്ന മേഖലകളിലേക്ക്. വൈപ്പിൻ അടക്കമുള്ള മേഖലകളില്‍നിന്ന് തറ നിരത്താനായി മണ്ണ് കൊണ്ടുവന്നിട്ടുണ്ടെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അക്കൂട്ടത്തിലാണോ തലയോട്ടിയും എല്ലുകളും എത്തിയതെന്നാണു പൊലീസ് പരിശോധിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ പുരുഷന്റെ തലയോട്ടിയാണു കണ്ടെത്തിയതെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ മാത്രമേ ഇതു വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരിയിലെ മെഡിക്കൽ കോളജിലാണു പരിശോധന. തലയോട്ടിയും അതു ലഭിച്ച സ്ഥലത്തുനിന്നുള്ള മണ്ണും ഫൊറൻസിക് പരിശോധനകള്‍ക്കായി അയയ്ക്കുകയാണ് അടുത്ത നടപടി. ഈ പരിശോധനകള്‍ പൂർത്തിയായാൽ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയുണ്ടാകുവെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കണ്ണൻകുളങ്ങരയിലെ വീട് നിർമാണം നടക്കുന്ന പുരയിടത്തിൽ പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. കാഞ്ഞിരമറ്റം സ്വദേശി ഒരു വർഷം മുൻപ് വാങ്ങിയ സ്ഥലമാണിത്. ഇതു വിറ്റയാളും അടുത്തു തന്നെ വീട് നിർമിക്കുന്നുണ്ട്. മൂന്നു മാസം മുൻപ് ജെസിബി ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കിയിരുന്നു. അന്ന് ഇത്തരം വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പറയുന്നത്. 1960നുശേഷം ഈ പറമ്പിൽ മൃതശരീരങ്ങള്‍ സംസ്കരിച്ചിട്ടില്ലെന്ന് മുൻ ഉടമ പറയുന്നു. ഈ സാഹചര്യത്തിൽ പറമ്പിൽ മണ്ണടിച്ചപ്പോൾ വന്നു ചേർന്നതാകാം തലയോട്ടിയും മറ്റു ഭാഗങ്ങളും എന്നാണു നിഗമനം. ഇതോടെ ഇവ എവിടെനിന്ന് എത്തി, ആരുടേത് എന്നീ കാര്യങ്ങള്‍ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാവുമെന്നാണ് റിപ്പോർട്ട്.