കോട്ടക്കൽ: കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപെട്ട് നവവരനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ ചെയ്യാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യാപിതാവിന്റെ ചേട്ടന് ലത്തീഫിനെയാണ് ഇനി പിടികൂടാനുള്ളത്. ഇയാള്‍ ഒളിവിലാണ്. ഏഴ് പേര് പ്രതികളായ കേസില്‍ ആറ് പേരെ കോട്ടക്കല്‍ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിതിരുന്നു. ഭാര്യാപിതാവ് ഒതുക്കുങ്ങല്‍ സ്വദേശി ഷംസുദ്ദീന്, ബന്ധുക്കളായ ഷഫീഖ്, അബ്ദുല്‍ ജലീല്‍, ഷഫീര്‍ അലി, മുസ്തഫ, മജീദ് എന്നിവരാണ് അറസ്റ്റിലായത്. തട്ടികൊണ്ടു പോകല്‍, മര്‍ദ്ദനം,വധശ്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇതിനിടെ മര്‍ദ്ദനമേറ്റ അബ്ദുള്‍ അസീബിനെതിരെ ഭാര്യ ഇന്ന് മലപ്പുറം പൊലീസില്‍ പരാതി നല്‍കുമെന്നറിയുന്നു. മര്‍ദനമടക്കമുള്ള പരാതിയാണ് ഭര്‍ത്താവ് അബ്ദുള്‍ അസീബിനെതിരെ ഭാര്യ നല്‍കുക. അതേസമയം പൊലീസുകാര്‍ എത്തിയില്ലായിരുന്നെങ്കില്‍ ഭാര്യവീട്ടുകാര്‍ തന്നെ കൊന്നേനെയെന്ന് മര്‍ദ്ദനത്തിനിരയായ അബ്ദുള്‍ അസീബ് പറഞ്ഞു. കുടിയ്ക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ല. പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് തയ്യാറായിരുന്നു താനെന്നും അബ്ദുള്‍ അസീബ് പറഞ്ഞു. ഓഫീസിനുള്ളില്‍ വച്ചും തന്നെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് കാറില്‍ കയറ്റി കൊണ്ടുപോയതും വീണ്ടും മര്‍ദ്ദിച്ചതും. ഏഴ് പേര് ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. തന്നെ കൊല്ലുമെന്ന് പേടിച്ചാണ് മുത്തലാഖ് ചൊല്ലാഞ്ഞത്. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭാര്യവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അബ്ദുള്‍ അസീബ് പറഞ്ഞു. തിങ്കളാഴ്ചയാണ് കോട്ടക്കല്‍ ചങ്കുവട്ടി സ്വദേശിയായ അബ്ദുള്‍ അസീബിനെ തട്ടികൊണ്ടു പോയി മര്‍ദിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതമായി പരിക്കേറ്റ അസീബ് ആശുപത്രിയില്‍ ചികിത്സയിലാണ്.