തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ പൗരനെ സംബന്ധിച്ചിടത്തോളം മൗലികമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഭരണഘടന മുന്നോട്ടു വയ്ക്കുന്ന കാഴ്ച്ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഈ ഏഴര പതിറ്റാണ്ടു ഘട്ടത്തിൽ നമുക്ക് കഴിഞ്ഞു എന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യ ദിനാഘോഷം അർത്ഥപൂർണമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തെ അമ്യതം എന്ന പദവുമായി ചേർത്ത് വച്ചത് മഹാകവി കുമാരനാശാൻ ആണ് എന്നത് മലയാളികൾക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അമൃത് പരാമർശത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മത നിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും നാനാത്വത്തിൽ ഏകത്വമെന്ന ബഹുസ്വരതയുടെ സമീപനങ്ങളും കരുത്തായി നിലകൊള്ളുകയാണ്. ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പ്വരുത്തുകയും ചെയ്യുക എന്ന കാഴ്ച്ചപ്പാടാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ ആർദ്രം, ലൈഫ് , പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം തുടങ്ങിയ പദ്ധതികൾക്ക് രൂപം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വർത്തിച്ചത് ഇത്തരം ഇടപെടൽ കൂടിയാണെന്ന് നാം ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയിൽ ജീവനെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന.ഒപ്പം ജീവിതോപാധികൾ നില നിർത്തുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നമ്മുടെ വികസന കാഴ്ച്ചപാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരു പോലെ പ്രാധാന്യമുണ്ട്. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഏറ്റെടുക്കാനുള്ള ഉള്ളത്. കഴിഞ്ഞ 75 വർഷം കൊണ്ട് നാം നേടിയിട്ടുള്ള നിരവധി പുരോഗതികൾക്കിടയിലും എവിടെയാണ് നാമിപ്പോൾ എത്തി നിൽക്കുന്നത് എന്നത് ചിന്തനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.