തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമനുസരിച്ച് ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ പെട്രോൾ, ഡീസൽ വില രണ്ട് രൂപ വീതം വർധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവനയായാണ് ഇന്ധന സെസ് പിരിക്കുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് ബുധനാഴ്ചത്തെ വില. ശനിയാഴ്ച ഇത് 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികൾ കാരണമാണ്.
നിലവിൽ ഒരു ലിറ്ററിന് ഇന്ധനം നിറയ്ക്കുന്നതിന് ഒരു രൂപയാണ് കിഫ്ബി ഈടാക്കുന്നത്. ഇതിനുപുറമെ സെസും ഉണ്ട്. ലിറ്ററിന് 25 പൈസയാണ് സെസ്. ഇതുകൂടാതെയാണ് രണ്ട് രൂപയുടെ സാമൂഹിക സെസും ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിവർഷം 750 കോടി രൂപയാണ് ഇന്ധന സെസ് വഴി സർക്കാർ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.