തിരുവനന്തപുരം: സജി ചെറിയാനെതിരായ കേസുമായി മുന്നോട്ട് പോകുകയാണെന്ന് പരാതിക്കാരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഹർജിക്കാരനായ ബൈജു നൂർ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യാൻ യോഗത്തിൽ ധാരണയായി.
ഗവർണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാൻ സി.പി.എം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
ഈ വർഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശം. സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആർക്കും ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. തിരുവല്ലയിലെയും റാന്നിയിലെയും എംഎൽഎമാർ പങ്കെടുത്ത വേദിയിലായിരുന്നു പരാമർശം. പിന്നീട് സജി ചെറിയാന്റെ മന്ത്രിസ്ഥാനം വലിയ വിവാദമായി.