ദുബൈ: കുട്ടികളുടെ സാന്നിധ്യത്തില്‍ പുകവലിച്ചാല്‍ പിഴ ശിക്ഷയെന്ന് യു.എ.ഇ ഫെഡറല്‍ പബ്ലിക് പ്രോഷിക്യൂഷന്. വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം (രണ്ടു ലക്ഷം രൂപ) പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
ആദ്യ തവണ 5,000 ദിര്‍ഹവും രണ്ടാം തവണ 10,000 ദിര്‍ഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയിലയോ പുകയില ഉല്പന്നങ്ങളോ വില്‍ക്കാനും പാടില്ല.
പുകയില ഉല്പന്നങ്ങള് വില്ക്കുമ്പോള് കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വില്പനക്കാര് ചോദിക്കണമെന്നാണ് നിയമം. കുട്ടികളുള്ള വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ പുകവലിക്കുന്നതു കണ്ടാല്‍ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാം.
അതേസമയം, യു.എ.ഇയില്‍ ലഹരി വസ്തുക്കള്‍ കുട്ടികള്‍ക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.