തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പിഡിപിയുടെ മുൻ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡൻ്റായിരുന്നു. നിലവിൽ പിഡിപി വൈസ് ചെയര്‍മാനാണ്.
മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലറായിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.
പിഡിപി സ്ഥാപകൻ അബ്ദുൾ നാസര്‍ മഅദ്നിയുടെ ഉറ്റഅനുയായി ആയിരുന്നുവെങ്കിലും 2020-ൽ സിറാജിനെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഐഎൻഎൽ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കാൻ പൂന്തുറ സിറാജ് നീക്കം നടത്തിയെങ്കിലും സിപിഎം കര്‍ശന നിലപാട് എടുത്തതോടെ സീറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് അബ്ദുന്നാസർ മഅ്ദനിക്ക് കത്ത് നൽകി പി.ഡി.പിയിൽ തിരിച്ചെത്തുകയായിരുന്നു.