
കോട്ടയം: വിദ്വേഷ പരാമർശക്കേസിൽ ബി.ജെ.പി. നേതാവ് പി.സി. ജോർജിന് ജാമ്യം. ടെലിവിഷൻ ചാനൽ ചർച്ചയിൽ നടത്തിയ അത്യന്തംവിദ്വേഷപരമായ പരാമർശത്തിന്റെ പേരിലായിരുന്നു പിസി ജോർജിനെതിരേ കേസെടുത്തത്. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചതിരിക്കുന്നത്.
പിസി ജോർജിന്റെ ആരോഗ്യ പ്രശ്നം കണക്കിലെടുത്താണ് കോടതി ജാമ്യം പരിഗണിച്ചത്. ആഞ്ജിയോ ഗ്രാം ഉൾപ്പെടെയുള്ളവ ചെയ്യേണ്ടതുണ്ട് എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം കോടതിയിൽ എത്തിയിരുന്നു. ഇത് കോടതി പരിഗണിച്ചു. പോലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു. കേസ് നടപടിക്രമങ്ങളടക്കം പൂർത്തിയായതാണ്. മൊഴി രേഖപ്പെടുത്തി, തെളിവുകളടക്കം ശേഖരിച്ചു.. അതുകൊണ്ട് തന്നെ ജാമ്യം നൽകേണ്ടത് എതിർക്കേണ്ടതില്ല എന്നായിരുന്നു കോടതി നിരീക്ഷണം.
അൽപ്പസമയത്തിനകം ജാമ്യ ഉത്തരവ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പാല സബ് ജയിലിലേക്ക് കൊണ്ടുപോകും. അതിന് ശേഷം പിസി ജോർജ് നിലവിൽ റിമാൻഡിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പിസി ജോർജ് ഉച്ചയോടെ പുറത്തിറങ്ങുമെന്നാണ് വിവരം.
