കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം തേടിയുള്ള പിസി ജോർജിന്റെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ജോർജ് സമർപ്പിച്ച ഹർജിയിൽ, വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്റ്റഡിയിൽ വെച്ച് എന്താണ് പൊലീസിന് ചെയ്യാൻ ഉള്ളത് എന്ന് കോടതി ചോദിച്ചു. വീഡിയോ റെക്കോർഡുകൾ കയ്യിലുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. മറ്റൊരു കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോർജിനെ അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് കോടതി പറഞ്ഞു.

അതേ സമയം അധികാര ദുർവിനിയോഗം നടക്കുന്നതായി പിസി ജോർജ് ആരോപിച്ചു. ‘തീവ്രവാദിയെ പോലെയാണ് തന്നോട് പോലീസ് പെരുമാറുന്നത്. കാക്കി ഇട്ടവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്.’ – പിസി ജോർജ് പറഞ്ഞു. ചീഫ് ജ്യുഡീഷൽ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ച നടപടി നിയമപരമല്ലെന്ന് ആരോപിച്ച പിസി ജോർജ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ടു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ വെണ്ണല കേസിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നുപറയുമെന്നും കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പി.സി. ജോര്ജ് വ്യക്തമാക്കി. ‘ക്രൂരതയാണ് എന്നോട് കാണിക്കുന്നത്. ജാമ്യം ലഭിച്ചാൽ പല കാര്യങ്ങളും പറയാനുണ്ട്. വിലക്കുള്ളതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല പിസി ജോർജ് പറഞ്ഞു.
