ന്യൂഡൽഹി: യാത്രാവിമാനം തകർന്നുവീണു. അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലുള്ള ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തകർന്നത് ഇന്ത്യൻ വിമാനമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇത് വ്യോമയാന മന്ത്രാലയം തള്ളി. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ഡിസി-10 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഡിജിസിഎ പറഞ്ഞു. അപകടം നടന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനം ദിശതെറ്റി സഞ്ചരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മലയിലിടിച്ച് വീഴുകയായിരുന്നു.ഏത് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും എത്രപേർക്ക് പരിക്ക് പറ്റിയെന്നും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. അതേസമയം, ആറ് യാത്രികരുമായി പോയ റഷ്യൻ വിമാനവുമായുള്ള ബന്ധം ഇന്നലെ വൈകിട്ടോടെ അഫ്ഗാനിസ്ഥാൻ പ്രദേശത്തുവച്ച നഷ്ടമായതായി റഷ്യൻ വ്യോമയാന മന്ത്രാലയം പറയുന്നു. ഫ്രഞ്ച് നിർമിത ഡാസോൾട്ട് ഫാൽക്കൺ 10 ജെറ്റാണിത്. ചാർട്ടേർഡ് വിമാനമായ ഇത് ഇന്ത്യയിൽ നിന്ന് ഉസ്ബസ്കിസ്ഥാൻ വഴി മോസ്കോയിലേയ്ക്ക് പോവുകയായിരുന്നു.

