

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് കോൺഗ്രസിലുണ്ടായ കലാപത്തിനു പിറകെ സി.പി.എമ്മിലും പൊട്ടിത്തെറി. പാർട്ടി ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു. കോൺഗ്രസ് വിട്ടു വന്ന പി. സരിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് രാജിയിൽ കലാശിച്ചതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു വിമർശനം. നഗരമേഖലയിൽ അണികൾക്കിടയിൽ സ്വാധീനമുള്ളയാളാണ് ഷുക്കൂർ. പി. സരിന്റെ പ്രചാരണത്തിൽ അബ്ദുൽ ഷുക്കൂർ രംഗത്തുണ്ടായിരുന്നു. എന്നാൽ പരസ്യമായ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഷുക്കൂറിന്റെ രാജി. പി. സരിന്റെ വരവിൽ പാർട്ടിയിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെന്നും ഷുക്കൂറിന്റെ രാജി ഇതിന്റെ പ്രതിഫലനമാണെന്നും പറയപ്പെടുന്നു.

