പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. എഡിജിപി വിജയ് സാഖറെ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. മുൻപ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ് പ്രതികളിലൊരാളായ രമേശ്. സുബൈർ വധത്തിലെ മുഖ്യ സൂത്രധാരനും ഇയാൾ തന്നെയാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സുബൈറിനെ കൊന്നതെന്ന് വിജയ് സാഖറെ പറഞ്ഞു.
തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സുബൈർ ആണെന്ന് സഞ്ജിത്ത് മുൻപ് രമേശിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ സുബൈറിനെ വധിക്കാൻ രമേശ് പദ്ധതിയിടുകയായിരുന്നുവെന്നും എഡിജിപി അറിയിച്ചു.മുൻപ് രണ്ട് വട്ടം സുബൈറിനെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. ഏപ്രിൽ ഒന്നിനും എട്ടിനും ഇതേ സംഘം സുബൈറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെങ്കിലും പട്രോളിംഗിനെത്തിയ പൊലീസിനെ കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ജില്ലയിലും പരിസര പ്രദേശങ്ങളിലുമായി ഒളിവിൽ കഴിയവേയാണ് പ്രതികളെ പിടികൂടിയത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്ന സുബൈറിനെ അക്രമികൾ കാറിടിച്ചു വീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
