തിരുവനന്തപുരം: പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്പോൾ തമിഴ്നാടിന്റെ അധീനതയിലുള്ള പത്മനാഭപുരം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. 275 വർഷം പഴക്കമുള്ള പത്മനാഭപുരം പൈതൃക കോട്ട തിരുവിതാംകൂറിന്റെ സൈനിക തന്ത്രത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. പത്മനാഭപുരം കോട്ട പോലെയുള്ള പൈതൃക നിർമിതികൾ എന്ത് വില കൊടുത്തും സംരക്ഷിക്കണം. കോട്ടയുടെ പരിപാലനത്തിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ജോലിക്കാരെ പിൻവലിച്ചുവെന്ന പത്രവാർത്തയും കോട്ടയിൽ വിള്ളലുണ്ടാവുന്നതും സുരേന്ദ്രൻ സ്റ്റാലിന്റെ ശ്രദ്ധയിൽ പെടുത്തി. പത്മനാഭപുരം കോട്ടയുമായി കേരളത്തിന് സാംസ്ക്കാരികവും വൈകാരികവുമായ ബന്ധമാണുള്ളത്. കോട്ട സംരക്ഷിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും കത്തിൽ ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
