തിരുവനന്തപുരം: മുൻ എം പിയും സി പി എം നേതാവുമായ പി സതീദേവിയെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായി നിയമിക്കാൻ പാർട്ടിയിൽ ധാരണയായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സതീദേവിയെ നിയമിക്കാൻ തീരുമാനിച്ചത്.
മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ച് രണ്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അദ്ധ്യക്ഷയെ തെരഞ്ഞെടുക്കുന്നത്. പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് ജൂണിലായിരുന്നു ജോസഫൈന്റെ രാജി. ഇതിനിടെ പുതിയ അദ്ധ്യക്ഷയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും നിരവധി തവണ ഉയർന്നിരുന്നു.
നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് പി സതീദേവി. 2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരുന്നു. എന്നാൽ 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.
പാർട്ടിയ്ക്ക് പുറത്തുനിന്നും പൊതുസ്വീകാര്യയായ ഒരാൾ സ്ഥാനത്തേക്ക് വരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ സംസ്ഥാന സമിതിയിൽ റിപ്പോർട്ടുചെയ്തിട്ടില്ല. സെക്രട്ടറിയേറ്റിലെ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
