
ന്യൂഡല്‍ഹി: യുദ്ധബാധിത ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യ ഏഴു വിമാനങ്ങള്‍ അയയ്ക്കും. ‘ഓപ്പറേഷന് അജയ്’ എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാദൗത്യം. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്സും ഇസ്രയേലിലുണ്ട്. അതേസമയം, ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി ഇന്ത്യയിലേക്ക് പുറപ്പെടും. രാത്രി ഒന്‍പതുമണിക്കാണ് വിമാനം ഇസ്രയേലില്‍നിന്ന് തിരിക്കുക. യാത്രക്കാരില്‍നിന്ന് ടിക്കറ്റിന് പണം ഈടാക്കില്ല. സര്‍ക്കാരാണ് ഇവരുടെ മടങ്ങിവരവിനുള്ള ചെലവ് വഹിക്കുന്നത്.


