തിരുവനന്തപുരം: കയര്‍ ഫാക്ടറി മേഖലയിലെ തൊഴിലാളികള്‍ക്കുളള 2021 വര്‍ഷത്തെ ഓണം അഡ്വാന്‍സ് ബോണസ് ഇന്‍സന്റീവ് ഉള്‍പ്പെടെ 29.90 ശതമാനമായി തീരുമാനിച്ചു. തൊഴിലാളികളുടെ 2021 ജനുവരി മുതല്‍ മെയ് മാസം വരെയുള്ള ആകെ വരുമാനത്തിന്റെ 20 % ബോണസും 9.90 % ഇന്‍സെന്റീവും എന്ന നിലയിലായിരിക്കും ഓണം അഡ്വാന്‍സ് ബോണസ് കണക്കാക്കുന്നത്.
ഈ വ്യവസ്ഥകള്‍ സഹകരണ , പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും. അഡ്വാന്‍സ് ബോണസ് തുക ഈ മാസം 16, 17 തീയതികളിലായി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും.
അനുരഞ്ജന ഉദ്യോഗസ്ഥനായ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) രഞ്ജിത് മനോഹറിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ തൊഴിലാളി പ്രതിനിധികളായി പി.വി.സത്യനേശന്, വി.എസ്.മണി, സി.എസ്.രമേശന്, ടി.ആര്.ശിവരാജന്, എം.ഡി.സുധാകരന്,പി.സുരേന്ദ്രന്, കോയിവിള രാമചന്ദ്രന്, തൊഴിലുടമാ പ്രതിനിധികളായി വി.ആര്.പ്രസാദ്, വിവേക് വേണുഗോപാല്‍, ജോസ്പോള്‍ മാത്യു, ടി.കെ.ബിന്ദു,എം.പി.പവിത്രന്, വി.എ.ജോസഫ്,സാജന് ബി.നായര്‍, എന്‍.അനില്‍കുമാര്‍ ആര്യാട്, പി.എന്‍.സുധീര്‍, എന്നിവരും പങ്കെടുത്തു.
