മനാമ: ബഹ്റൈനിൽ തടങ്കലിലോ കസ്റ്റഡിയിലോ ഉള്ള, 15 മുതൽ 18 വരെ വയസുള്ള കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന ഓംബുഡ്സ്മാനിൽ പുതിയ ഡിവിഷൻ ആരംഭിച്ചു. ബ്രിട്ടീഷ് എംബസിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യൽ ആന്റ് ലീഗൽ സ്റ്റഡീസിൻ്റെയും സഹകരണത്തോടെ ഓംബുഡ്സ്മാൻ ഓഫീസ്, കുട്ടികളുടെ പരാതികൾ സംബന്ധിച്ചു നടത്തിയ ശിൽപശാലയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഈ സംവിധാനം ബഹ്റൈൻ്റെ യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂ (യു.പി.ആർ) പദ്ധതിയുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട പരാതി സംവിധാനങ്ങളിലൂടെ കുട്ടികൾക്കുള്ള സംരക്ഷണം വർദ്ധിപ്പിക്കും.
അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാനും ഫലപ്രദമായ ഇൻ്റർവ്യൂ മാർഗങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച രീതികളെക്കുറിച്ച് ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ദേശീയ മനുഷ്യാവകാശ സ്ഥാപനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.
പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കും അന്താരാഷ്ട്ര നിലവാരം പുലർത്തുകയും ചെയ്യുമെന്ന് ഓംബുഡ്സ് വുമൺ ഗദാ ഹമീദ് ഹബീബ് പറഞ്ഞു. നീതിയും കുട്ടികളുടെ സംരക്ഷണവും പ്രോത്സാഹിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ നിയമകാര്യ- മനുഷ്യാവകാശ ഡയറക്ടർ ജനറൽ യൂസഫ് അബ്ദുൾകരീം ബുച്ചേരി പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രത്യേക സംവിധാനങ്ങളിലൂടെ അവരുടെ പരാതികൾ പരിഹരിക്കാനുമുള്ള ബഹ്റൈൻ്റെ പ്രതിബദ്ധതയെ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ അലസ്റ്റർ ലോംഗ് അഭിനന്ദിച്ചു.