ന്യൂ ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടന്റുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന പരാതികൾ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. സർഗ്ഗാത്മകതയുടെ പേരിൽ എന്തും അനുവദിക്കാനാവില്ല. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം വച്ചുപൊറിപ്പിക്കാനാവില്ല. ഒടിടി പ്ലാറ്റ്ഫോമുകളുടെ വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെയും അസഭ്യ ഉള്ളടക്കത്തെയും കുറിച്ചുള്ള പരാതികളും പ്രാധാന്യത്തോടെ കാണുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും.പരിധി ലംഘിച്ച് സർഗ്ഗാത്മകത ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രാരംഭ തലത്തിൽ നിർമ്മാതാക്കൾ തന്നെ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90 മുതൽ 92 ശതമാനം വരെ പരാതികളും ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമ്മാതാക്കൾ കൈകാര്യം ചെയ്യുന്നത്. അതേസമയം സർക്കാരിന് പരാതികൾ വരുമ്പോൾ ചട്ടപ്രകാരം വകുപ്പുതല സമിതി കർശനമായ നടപടി സ്വീകരിക്കുന്നതാണ് രീതി.