ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡിസിജിഎ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉൽപാദനത്തിനെതിരെയാണ് നടപടി. നിർമ്മാണം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യൻ നിർമിത വ്യാജ മരുന്നുകൾ വിദേശത്ത് വിൽക്കുന്നുണ്ടെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ വ്യാപകമായ പരിശോധന നടത്തിയാണ് നടപടി.
മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളിൽ ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര-സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസമായി വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തിവരികയായിരുന്നു.
ഇന്ത്യൻ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിൽ മരണങ്ങളും ഗുരുതര രോഗങ്ങളും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയൻസ് കഴിഞ്ഞ മാസം യുഎസ് വിപണിയിൽ നിന്ന് 55,000 മരുന്നുകൾ തിരിച്ചുവിളിച്ചിരുന്നു.