
തിരുവനന്തപുരം:വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ അപ്പീൽ സമയപരിധി അവസാനിച്ചപ്പോൾ കേരളത്തിൽനിന്ന് പരാതികൾ ഇല്ല.സംസ്ഥാനത്തെ മുഴുവൻ ബൂത്തുകളിലും പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെ കുറിച്ചാണ് വോട്ടർമാരോ രാഷ്ട്രീയ കക്ഷികളും പരാതി ഉന്നയിക്കാത്തത്.വോട്ടർപട്ടിക സുതാര്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരി വയ്ക്കുന്നതാണ് പരാതികൾ ഇല്ലാത്തത്.കഴിഞ്ഞ ജനുവരി ആറിനും ഏഴിനുമായി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വോട്ടർപട്ടിക സംബന്ധിച്ചാണ് പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും വോട്ടർമാർക്കും അവസരം നൽകിയിരുന്നത്. പരാതികൾ അറിയിക്കാൻ സംസ്ഥാനത്ത് വിപുലമായ സൗകര്യങ്ങൾ ആയിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരുക്കിയിരുന്നത്.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ട് വിളിച്ച സംസ്ഥാനത്തല യോഗത്തിന് പുറമേ,14 ജില്ലകളിലുമായി 28 തവണ ജില്ലാതല യോഗങ്ങളും , റിട്ടേണിംഗ് ഓഫീസർ തലത്തിൽ 196 യോഗങ്ങളും ചേർന്നിരുന്നു.സംസ്ഥാനത്തെ 24668 ബൂത്ത് കളിലും ബൂത്ത് ലെവൽ ഓഫീസർമാരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റുകളും പങ്കെടുത്ത യോഗം ചേർന്നിരുന്നു.ഇതിലൂടെ വോട്ടർപട്ടികയിലെ സുതാര്യത രാഷ്ട്രീയപാർട്ടികളെയും ബോധ്യപ്പെടുത്താനായത് പരാതികൾ ഇല്ലാതാക്കാൻ സഹായകരമായി. നിലവിൽ കേരളത്തിൽ 27866883 വോട്ടർമാരാണുള്ളത്.നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിലെ വിശദാംശങ്ങൾ 1 9 5 0 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്നും വോട്ടർമാർക്ക് അറിയാൻ കഴിയും.
