ഏതാനും വർഷങ്ങൾക്ക് മുൻപ് നാടക പ്രവർത്തകൻ എൻ എൻ പിള്ളയുടെ ജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. നിവിൻ പോളി നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജീവ് രവി ചിത്രം സംവിധാനം ചെയ്യുമെന്നും അന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 2017 ൽ പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻ എൻ പിള്ളയുടെ മകനും നടനുമായ വിജയരാഘവൻ.
ഇതൊരു വലിയ പ്രോജക്റ്റായതിനാൽ, ധാരാളം തയ്യാറെടുപ്പുകൾ ആവശ്യമാണ്. ഇന്ത്യൻ നാഷണൽ ആർമിയിലെ അദ്ദേഹത്തിന്റെ ജീവിതം കാണിക്കേണ്ടിവരും. ലോകമഹായുദ്ധങ്ങൾ കവർ ചെയ്യണം. ഇതൊരു ചെലവേറിയ പ്രൊജക്റ്റാണ്, അതുകൊണ്ടാണ് കാലതാമസം ഉണ്ടാകുന്നത്. പ്രൊജക്റ്റ് ഇപ്പോഴും സജീവമാണ്. എന്നാൽ കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
എൻ എൻ പിള്ളയുടെ ആത്മകഥയായ ‘ഞാൻ ‘ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ . ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുക. ഇ4 എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.