
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച യെമനില്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ മാത്രമേ നീക്കം വിജയിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യെമനില്‍ ഒരു പെണ്‍കുട്ടിയെ തൂക്കിക്കൊല്ലാന്‍ തീരമാനിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കിലും അവിടുത്തെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ടതായി കാന്തപുരം പറഞ്ഞു. ‘ഇസ്ലാമില്‍ കൊല്ലുന്നതിന് പകരം ചില പ്രായശ്ചിത്തങ്ങള്‍ ചെയ്യാന്‍ മതം അനുവദിക്കുന്നുണ്ട്. അക്കാര്യം അവിടെയുള്ളയുള്ള ആളുകളെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിന്റെ ചര്‍ച്ച അവിടെ ഇപ്പോഴും തുടരുകയാണ്.
കൊല്ലപ്പെട്ടയാളുടെ കുടുബക്കാര്‍ മുഴുവന്‍ സമ്മതിക്കാതെ വിട്ടുകൊടുക്കാന്‍ കോടതിക്ക് അധികാരമില്ല. വീട്ടുകാര്‍ മുഴുവന്‍ സമ്മതിക്കുന്നതിനായുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നിമിഷയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ യമന്റെ ചുമതലയുള്ള സൗദി എംബസിയോ ഇന്ത്യൻ വിദേശ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷാ തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി പ്രോസിക്യൂഷൻ മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. യമനിൽ മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തമിഴ്നാട് സ്വദേശി സാമുവൽ ജെറോമാണ്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് സാമുവലും അപേക്ഷ നൽകിയിട്ടുണ്ട്.
