ദില്ലി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്.

പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്നും അതിലേക്കായി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണം എന്നീ കാര്യങ്ങളടക്കം ജോൺ ബ്രിട്ടാസ് എംപി കത്തിൽ സൂചിപ്പിച്ചിരുന്നു.
കീഴ്ക്കോടതി കേസ് നടത്തുന്ന സമയത്ത് വേണ്ടത്ര നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന കുറവായതിനാലുമാണ് വധശിക്ഷ വിധിക്കപ്പെട്ടതെന്നും ബ്ലഡ്മണി കൈമാറാന്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണെന്നും യെമന്‍ പൗരന്റെ കുടുംബാംഗങ്ങളുമായി ആക്ഷൻ കൗൺസിലിന് ബന്ധപ്പെടാനുള്ള അവസരമൊരുക്കണമെന്നും എംപി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
