തിരുവനന്തപുരം: ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വര്‍ക്കിങ് ജേണലിസ്റ്റ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പുതിയ വേജ് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെയും സംയുക്ത ജനറല്‍ബോഡി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെക്രട്ടറിയറ്റിലെ പെന്ഷന് സെക്ഷന്‍ ശക്തിപ്പെടുത്തണമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. മീഡിയമെന് വെല്‍ഫെയര്‍ ഫണ്ട്ബോര്‍ഡ് രൂപീകരിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം ആര് കിരണ്‍ബാബു പ്രമേയം അവതരിപ്പിച്ചു.
കേസരി സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സെക്രട്ടറി ബി അഭിജിത് റിപ്പോര്‍ട്ടും ട്രഷറര്‍ അനുപമ ജി നായര്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ഷില്ലര്‍ സ്റ്റീഫന്‍, വി വി അരുണ്‍, പി എസ് റംഷാദ്, അരുണ്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമിതിയംഗം പ്രിന്‍സ് പാങ്ങാടന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോയി നായര്‍ സ്വാഗതവും ഒ രതി നന്ദിയും പറഞ്ഞു.
