കോട്ടയം : തിരുവല്ല സ്വദേശിനിയും, കളമശേരിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയുമായിരുന്ന നീതു ഒരേ സമയം ഭർത്താവിനെയും, കാമുകനെയും കബളിപ്പിക്കാൻ നടത്തിയ നാടകം പൊളിഞ്ഞു. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കാമുകനായ ഇബ്രാഹിം ബാദുഷയുടെ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു.
ഇതിനിടെയാണ് പ്രണയം മൊട്ടിട്ടത്. ഒടുവിൽ ഗർഭം ധരിക്കുകയും അലസിപ്പോകുകയും ചെയ്തു. എന്നാൽ ഇക്കാര്യം കാമുകനോട് മറച്ചുവച്ചു. ഗർഭം അലസിയതോടെ നീതു പ്രതിസന്ധിയിലായി.പത്ത് മാസമായിട്ടും കുട്ടി ഉണ്ടാകാത്തതിനാൽ കാമുകനും സുഹൃത്തുക്കളും കുടുംബവും നീതുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി.
എത്രയും പെട്ടെന്ന് ഒരു കുട്ടിയെ സംഘടിപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത്. കുഞ്ഞ് കാമുകന്റേതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം. ഇതുവഴി മറ്റൊരു വിവാഹം കഴിക്കാനുള്ള കാമുകന്റെ നീക്കം തടയാനാകുമെന്നും കരുതി. വിദേശത്തുള്ള ഭർത്താവിനെ മാത്രം ഗർഭം അലസിയ കാര്യം എന്തിന് അറിയിച്ചു? മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ എട്ടുവയസുള്ള മകനുമായി വന്നതെന്തിന്? കുഞ്ഞിനെ തട്ടിയെടുക്കാൻ മറ്റാരുടെയയെങ്കിലും സഹായം കിട്ടിയോ? നീതുവിന്റെ താമസം കാമുകനൊപ്പമാണെന്ന് ഭർത്താവ് അറിഞ്ഞിരുന്നോ? തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഇനിയും വ്യക്തത വരാനുണ്ട്.
