കൊച്ചി: നെടുമ്പാശേരി ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഡിജിസിഎയും കോസ്റ്റ് ഗാർഡും. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മലയാളിയും കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റുമായ വിപിൻ ആണ് ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്റ് സിഇഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ല എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ സുനിൽ ലോട്ലയ്ക്ക് പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തിയ ശേഷമാണ് തുറന്നത്.