തിരുവനന്തപുരം: മലപ്പുറത്തെ സ്ത്രീകൾ തട്ടം ഉപേക്ഷിക്കുന്നത് പുരോഗമനത്തിന്റെ ലക്ഷണമാണെന്നും, ഇതിന് കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമാണെന്നുമുള്ള സിപിഐഎം നേതാവ് അനിൽകുമാറിന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണ്. തട്ടമിടുന്നവർ പുരോഗമന ചിന്താഗതിക്കാരല്ലെന്ന അദ്ദേഹത്തിന്റെ നിഗമനം ലോകത്തേക്ക് കണ്ണ് തുറന്ന് നോക്കാത്തത് കൊണ്ടാണെന്നും, പുരോഗമനത്തിന്റെ അളവുകോൽ ആരും തലയിലേറ്റി നടക്കണ്ട എന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയിൽ പറഞ്ഞു.
നിരന്തരം ന്യൂനപക്ഷങ്ങൾക്ക് നേരെ കടന്നാക്രമണം നടത്തുന്ന സംഘപരിവാർ ഫാസിസ്റ്റുകൾ ഹിജാബ് നിരോധിക്കാൻ പണിയെടുക്കുന്നുണ്ടെന്ന് ഓർക്കണം, തൊപ്പിയും താടിയും നോക്കി ആളുകളെ തിരിച്ചറിയണമെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. വർഗീയ വംശീയ പേയ്ക്കുത്തുകൾ അരങ്ങു വാഴുന്ന കാലത്ത് അടിസ്ഥാനമില്ലാത്ത ഇത്തരം പുരോഗമന വാദങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.