ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം. ആഗോളതലത്തിലുള്ള മാന്ദ്യം വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഇത്തവണ വിനോദ സഞ്ചാര ദിനം ആചരിക്കുന്നത്. ഇന്ത്യയിലെ വടക്ക് ജമ്മുകശ്മീരും ലഡാക്കും മുതൽ തെക്ക് കന്യാകുമാരിയും ധനുഷ്കോടിയും വരെ കണ്ടറിയാനുള്ള ഭാരത ദർശൻ യാത്രികർക്ക് കേന്ദ്ര സർക്കാർ ആശംസകൾ നേർന്നു. ഇന്ത്യയുടെ ഓരോ പ്രദേശവും സാംസ്കാരിക തനിമയും പ്രകൃതി സമ്പത്തുകൊണ്ടും അനുഗ്രഹീതമാണെന്നും ഇവ കാത്തുസൂക്ഷിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ടെന്നും കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞു.
സമ്പന്നമായ സാംസ്കാരവും പൈതൃകവുമുള്ള വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കാശ്മീർ മുതൽ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്. ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും പിന്നിൽ നിരവധി ചരിത്രങ്ങളും പുരാണകഥകളുമുണ്ടാകും. ഇത് ഈ സ്ഥലങ്ങളെ കൂടുതൽ സവിശേഷമാക്കുന്നു.
ഇന്ത്യയിൽ, ടൂറിസം ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വ്യവസായങ്ങളിലൊന്നാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും വിനോദസഞ്ചാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1958ൽ, ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ കണക്കെടുക്കുകയും രാജ്യത്തെ ടൂറിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാർ മനസ്സിലാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ടൂറിസം വകുപ്പ് രൂപീകരിച്ചു. നമ്മുടെ ദേശീയ പൈതൃകം സംരക്ഷിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളെ വിനോദസഞ്ചാര സൗഹൃദമാക്കുകയും അവയുടെ സൗന്ദര്യം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നതായിരുന്നു വകുപ്പ് രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള നിരവധി ആളുകൾ മാസങ്ങളോളം ഇന്ത്യയിൽ തങ്ങി പ്രകൃതി ഭംഗി ആസ്വദിച്ച് മടങ്ങാറുണ്ട്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ജനുവരി 25 ദേശീയ വിനോദസഞ്ചാര ദിനമായി ആഘോഷിക്കുന്നത്. ആസാദി കാ അമൃത് മഹോത്സവം’ എന്നാണ് 2022 ലെ ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ തീം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് ഇതെന്നതിനാലാണ് ഈ തീം തിരഞ്ഞെടുത്തിരിക്കുന്നത്.
