മനാമ: ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ സുവർണ്ണ പൈതൃകം” എന്ന പ്രമേയത്തിൽ 28-ാമത് ബഹ്റൈൻ പൈതൃകോത്സവത്തിന് തുടക്കമായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
രാജാവിന്റെ പേരിൽ നടക്കുന്ന ഈ ദേശീയ സാംസ്കാരിക പരിപാടി ആദ്യമായി ആരംഭിച്ചത് 1992-ൽ ആണ്. സാംസ്കാരിക രംഗം പുനരുജ്ജീവിപ്പിക്കുന്നതിലും ബഹ്റൈന്റെ സമ്പന്നമായ പൈതൃകത്തെയും നാഗരികതയെയും പ്രദർശിപ്പിക്കുന്നതിലുമാണ് പൈതൃകോത്സവത്തിന്റെ പ്രാധാന്യമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡന്റ് ശൈഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫ, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായി എന്നിവരും ഉന്നത നയതന്ത്രജ്ഞരും സാംസ്കാരിക പങ്കാളികളും പങ്കെടുത്തു.
ആറാദ് കോട്ടയിൽ ആരംഭിച്ച പരിപാടിയിൽ പരമ്പരാഗത കരകൗശല, നാടൻ കലകൾ, വിദ്യാഭ്യാസ ശിൽപശാലകൾ, ആർട്ട് എക്സിബിഷനുകൾ, തത്സമയ നാടോടി കലാപ്രകടനങ്ങൾ, വിവിധ പ്രായക്കാർക്ക് അനുയോജ്യമായ മറ്റ് പരിപാടികൾ എന്നിവ അരങ്ങേറും. പരമ്പരാഗത പ്രാദേശിക വിഭവങ്ങളും ഭക്ഷണവും ലഭ്യമാകുന്ന പരമ്പരാഗത കഫേകളും ബഹ്റൈൻ സംരംഭകരുടെ പരമ്പരാഗതവും ആധുനികവുമായ നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.