മനാമ: ബഹ്റൈനിലെ 2019-2020 വർഷത്തെ മൊത്തത്തിലുള്ള സ്ത്രീ പുരുഷ അനുപാത സൂചിക 69 ശതമാനം വർധിച്ചതായി വനിത സുപ്രീം കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017 മുതൽ 2018 വരെയുള്ള കാലയളവിൽ ഇത് 65% ആയിരുന്നു. പ്രധാന ദേശീയ വികസന മേഖലകളിൽ സ്ത്രീ പുരുഷ അനുപാതം 70% മുതൽ 73% വരെയും സ്ഥാപന സൂചികയിൽ ഇതേ കാലയളവിൽ 59% ൽ നിന്ന് 65% ആയും ഉയർന്നു.
ദേശീയ വികസനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിലുള്ള വിടവുകൾ നികത്താൻ കൈവരിച്ച പുരോഗതി അളക്കാൻ നിരവധി മേഖലകളും സൂചകങ്ങളും ഉൾപ്പെടുന്ന രണ്ട് അടിസ്ഥാന തലങ്ങളെയാണ് ദേശീയ സ്ത്രീ പുരുഷ അനുപാത സൂചിക റിപ്പോർട്ട് ആശ്രയിക്കുന്നത്. സാമ്പത്തിക പങ്കാളിത്തം, തീരുമാനമെടുക്കൽ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സ്ഥിരത, സിവിൽ സമൂഹം എന്നീ ആറ് പ്രധാന മേഖലകളെയാണ് ആദ്യ തലത്തിൽ കണക്കിലെടുക്കുന്നത്.
Also read: 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് ബഹ്റൈൻ
രണ്ടാമത്തെ തലത്തെ സംബന്ധിച്ചിടത്തോളം 12 മേഖലകളിലെ സ്ഥാപനപരമായ പ്രകടനം അളക്കുന്ന സൂചകങ്ങൾ ഉൾക്കൊള്ളുന്നതാണ്. തൊഴിൽ, നേതൃത്വ സ്ഥാനങ്ങൾ, വേതനം, വിദ്യാഭ്യാസം, പരിശീലനം, പ്രൊഫഷണൽ വികസനത്തിന്റെയും പുരോഗതിയുടെയും സംവിധാനം, സ്ഥാപന പ്രാതിനിധ്യം, തൊഴിൽ അന്തരീക്ഷത്തിൽ സ്ത്രീകളുടെ ആവശ്യങ്ങൾ സംയോജിപ്പിക്കൽ, സ്ത്രീകളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന ബജറ്റുകൾ, ഉൽപന്നങ്ങളിലും സേവനങ്ങളിലും സ്ത്രീകളുടെ ആവശ്യങ്ങൾ സംയോജിപ്പിക്കൽ, സ്ത്രീകളുമായി ബന്ധപ്പെട്ട പഠനങ്ങൾ , തുല്യ അവസരങ്ങളുടെ മേഖലയിൽ ദേശീയ, പ്രാദേശിക, അന്തർദേശീയ അവാർഡുകളിൽ പങ്കാളിത്തം, തുല്യ അവസര സമിതികളുടെ ആവശ്യകതകൾ പാലിക്കൽ എന്നിവ രണ്ടാമത്തെ തലത്തിൽ ഉൾക്കൊള്ളുന്നു.
Also read: ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ഡിസംബറിൽ പുനഃരാരംഭിക്കും
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രാജ്യത്തുണ്ടായ വനിത ശാക്തീകരണത്തെക്കുറിച്ച് വനിത സുപ്രീം കൗൺസിൽ തയാറാക്കിയ റിപ്പോർട്ട് ധനകാര്യമന്ത്രിയാണ് മന്ത്രിസഭയിൽ അവതരിപ്പിച്ചത്.
