ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഫോണ്‍ സംഭാഷണം 35 മിനുട്ട് നീണ്ടു നിന്നു. യുക്രൈനിലെ നിലവിലെ സാഹചര്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ചയെ പ്രധാനമന്ത്രി അനുമോദിച്ചു.
മേഖലയിലെ സംഘർഷം ഉടന്‍ അവസാനിപ്പിക്കണം. തര്‍ക്കങ്ങളില്‍ നയതന്ത്രതല ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ നിലപാടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയെ അറിയിച്ചു.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന് യുക്രൈന് ഭരണകൂടം നല്കിയ സഹായത്തില്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ശേഷിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ കൂടി ഒഴിപ്പിക്കുന്നതിന് യുക്രൈന് സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് മോദി സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും ഫോണില്‍ സംസാരിക്കും. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ മോദി പുടിനോട് ആവശ്യപ്പെട്ടേക്കും. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യുഎന്നില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.
