
തിരുവനന്തപുരം: യുഡിഎഫിന് വേണ്ടിയുള്ള നെറികെട്ട പ്രവര്‍ത്തനമാണ്, ഒറ്റുകൊടുക്കുന്ന നിലയാണ്, യൂദാസിന്റെ രൂപമാണ് യഥാര്‍ത്ഥത്തില്‍ പി വി അന്‍വറിന്റെ ഭാഗത്തു നിന്നുണ്ടായത്. ഈ തെറ്റായ എല്ലാ സമീപനങ്ങളെയും ചെറുത്തുകൊണ്ട് ഇടതുമുന്നണി വലിയ കുതിപ്പ് തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും, വലിയ വിജയത്തോടെ എല്‍ഡിഎഫിന് മുന്നേറാന്‍ കഴിയുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന് പി വി അന്‍വര്‍ യുഡിഎഫിനു വേണ്ടി ഇടതുമുന്നണിയെ ഒറ്റുകൊടുത്തു. ആ നിലപാടാണ് പരസ്യമായി പുറത്തു വന്നത്. ഡിഎംകെയുടേയോ, തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ പേര് ഉപയോഗിക്കുമെങ്കിലും, ആത്യന്തികമായി അന്‍വറിന്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. എം വി ഗോവിന്ദന് പറഞ്ഞു.
കാലുമാറി യൂദാസിനെപ്പോലെ ആ പാളയത്തിലേക്ക് പോകാന്‍ ശ്രമിച്ച അന്‍വറിനെ ആദ്യം, പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സാമാജികനെന്ന പേരില്‍ യുഡിഎഫിനകത്ത് പ്രശ്നമുണ്ടായിരുന്നു. പിന്നീട് യുഡിഎഫിന്റെ അവസരവാദ രാഷ്ട്രീയ്തതിന്റെ ഭാഗമായി പി വി അന്‍വറിനെ ഒപ്പം ചേര്‍ക്കാനും, മാപ്പ് അപേക്ഷിച്ചതിനെ സ്വാഗതം ചെയ്യുകയുമാണ് ഉണ്ടായത്. എന്തെല്ലാം അവസരവാദ കൂട്ടുകെട്ടുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചാലും, ഇടതുമുന്നണി കൃത്യമായ തിളക്കമുള്ള രാഷ്ട്രീയ നിലപാടു വെച്ചുകൊണ്ട്, സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയില്‍ ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള മുന്നേറ്റം കൂടിച്ചേര്‍ക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ മുന്നേറ്റം കുറിക്കത്തക്ക വിജയം നിലമ്പൂരില്‍ നേടുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.
