കൊച്ചി: ഇന്ത്യയിൽ ചികിത്സിക്കാൻ മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ സ്വദേശി മുരുകേശ്വരിയെയാണ് (29) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രെയിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പ്രതി 2021 സെപ്തംബർ മുതൽ 2022 മാർച്ച് 15 വരെ കുത്തുവഴി ലെെഫ് കെയർ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയ മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇതുസംബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ലെെഫ് കെയർ ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
അന്വേഷണത്തിൽ മുരുകേശ്വരി മറ്റൊരു ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയതെന്ന് മനസിലായി . തുടർന്ന് മെഡിക്കൽ സൂപ്രണ്ട് ഡി എം ഒയ്ക്ക് റിപ്പോർട്ടും പൊലീസിൽ പരാതിയും നൽകി. തിരുനെൽവേലിയിലെ ബന്ധുവീട്ടിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയ്ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.