കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്. ഫലം ലഭിക്കുന്നതിനു പിന്നാലെ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
ദിലീപിനെയും സഹോദരന് അനുപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയുമാണ് വീണ്ടും ചോദ്യം ചെയ്യുക. തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് അനൂപിന് അന്വേഷണ സംഘം നോട്ടീസ് നല്കി. കേസില്‍ ദിലീപിനും മറ്റു പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന് വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെ എഫ്ഐആര്‍ റദ്ദാക്കാന്‍ ദിലീപ് ഹര്‍ജി നല്‍കിയിട്ടുണ്ട്.
കേസിന്റെ തുടരന്വേഷണം തടയണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും, ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നടി കോടതിയെ അറിയിച്ചു.
കേസില്‍ കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം ആരംഭിച്ചത് എന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെടുന്നു.എന്നാല്‍ കേസ് അന്വേഷണത്തില്‍ ഉണ്ടായ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
