തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മോട്ടോർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട തുക 1162 കോടി രൂപ വർധിപ്പിച്ചു. വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഓരോ വർഷവും തുക പരിഷ്കരിക്കാറുണ്ട്.
മോട്ടോർ വാഹന നിയമം ലംഘിക്കുന്നവരിൽ നിന്ന് ഈ തുക ഈടാക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും, വകുപ്പിന്റെ എല്ലാ സേവനങ്ങളിലൂടെയും ഫീസുകളിലൂടെയും ലഭിക്കുന്ന തുകയും നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിലൂടെ ലഭിക്കുന്ന തുകയും ഉൾപ്പെടുന്നതാണ് ഇതെന്നും അധികൃതർ പറഞ്ഞു. എല്ലാ വകുപ്പുകളിലും ടാർഗറ്റുകൾ നിശ്ചയിക്കാറുണ്ടെന്നും വകുപ്പിനെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതർ പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തിൽ 4138.59 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പിന് സ്വരൂപിക്കേണ്ടിയിരുന്നത്. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടി രൂപയാണ്. ഈ തുക പിരിച്ചെടുക്കുന്നതിനായി ഓരോ റീജിയനൽ ട്രാന്‍സ്പോർട്ട് ഓഫിസർമാർക്കും ഡപ്യൂട്ടി കമ്മിഷണർമാർക്കും ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ആയിരം കോടിയിലധികം രൂപ പിരിച്ചെടുക്കുമെന്ന വാർത്ത പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. വണ്ടിയുമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നായിരുന്നു വിമർശനം.