കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു. കേസില്‍ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കേസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽകുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും അതിജീവിത പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
SUMMARY: More charges will be filed against Dileep in the actress assault case